കോൺഗ്രസ് പ്ലീനറി സമ്മേളനം തുടരുന്നു; പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും
 

 

റായ്പൂരിൽ തുടരുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ഇന്ന് പ്രതിപക്ഷ സഖ്യ പ്രമേയം അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്‌കരുമായി യോജിച്ച് പോകാമെന്ന നിർദേശമാകും പ്രമേയത്തിലുയരുക. സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയം അവതരിപ്പിക്കും

മല്ലികാർജുന ഖാർഗെയെ എഐസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിക്ക് സമ്മേളനം അംഗീകാരം നൽകും. ഇന്നത്തെ യോഗത്തിൽ പ്രവർത്തക സമിതി തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. എന്നാൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് നടക്കുന്ന പ്ലീനറി യോഗത്തിൽ പങ്കെടുക്കില്ല. വർക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് സ്വതന്ത്രമായി ഖാർഗെ നടത്തുന്നതിനായാണ് ഇവർ വിട്ടുനിൽക്കുന്നത്. 

ഒരു തരത്തിലും തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ സ്വാധീനമുണ്ടാകാതിരിക്കാനാണ് യോഗം മൂന്ന് നേതാക്കളും ബഹിഷ്‌കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തക സമിതിയിലേക്ക് നാമനിർദേശ രീതി മതിയെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഖാർഗെയാകും പ്രവർത്തക സമിതി അംഗങ്ങളെ നാമനിർദേശം ചെയ്യുക.