കന്നട നാട്ടിൽ മിന്നിത്തിളങ്ങി കോൺഗ്രസ്; ഡൽഹി എഐസിസി ആസ്ഥാനത്ത് ആഘോഷം

 

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നുവെന്ന വാർത്തകൾ വന്നു തുടങ്ങിയതോടയാണ് എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങിയത്. 

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന്റെ മുന്നേറ്റമാണ് കാണുന്നത്. ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതാണ് തെളിയുന്നത്. കേവല ഭൂരിപക്ഷത്തിന് അടുത്താണ് കോൺഗ്രസുള്ളത്. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിനിപ്പോൾ 111 സീറ്റുകളിൽ ലീഡുണ്ട്.

അതേസമയം ബിജെപിയും തൊട്ടുപിന്നാലെയുണ്ട്. 78 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസ് പക്ഷേ 30 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കാനായത്. കോൺഗ്രസിന്റെ പ്രധാന നേതാക്കളായ സിദ്ധരാമയ്യയയും ഡികെ ശിവകുമാറും മുന്നിട്ട് നിൽക്കുകയാണ്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സാവഡിയും മുന്നിട്ട് നിൽക്കുന്നുണ്ട്.