{"vars":{"id": "89527:4990"}}

തുടർച്ചയായ വെടിയൊച്ചകൾ; ചോരക്കളമായി കർണാടക: ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പെടെ 6 പേരെ വെടിവെച്ചുകൊന്നു

 

വിജയപുര (കർണാടക): കർണാടകയിലെ വിജയപുര ജില്ലയിൽ ദാരുണമായ കൂട്ടക്കൊലപാതകം. ദീർഘനാളായി നിലനിന്നിരുന്ന ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേരെ വെടിവെച്ചും മാരകായുധങ്ങൾ ഉപയോഗിച്ചും കൊലപ്പെടുത്തി. ചഡ്ചൻ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്.

​ഗ്രാമത്തിലെ 'നിരലെ', 'ഗൊലാഗി' എന്നീ കുടുംബങ്ങൾ തമ്മിൽ തർക്കഭൂമിയെ ചൊല്ലി ഏറെ നാളായി ശത്രുതയിലായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി പ്രദേശത്ത് ജുഡീഷ്യൽ പഞ്ചായത്ത് യോഗം ചേരുന്നതിനിടെയാണ് അക്രമിസംഘം മാരകായുധങ്ങളുമായി ചാടിവീണത്. തുടർന്ന് നിരലെ കുടുംബാംഗങ്ങൾക്ക് നേരെ ഇവർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഭയന്നോടിയ നാട്ടുകാർ വീടുകൾക്കുള്ളിൽ ഒളിക്കേണ്ടി വന്നത്ര ഭീകരാന്തരീക്ഷമാണ് പ്രദേശത്ത് ഉണ്ടായത്.

​രേവണസിദ്ധപ്പ നിരലെ, ദുണ്ടപ്പ നിരലെ, ശിവപുത്ര നിരലെ, ചന്ദ്രശേഖർ നിരലെ, രാഹുൽ നിരലെ എന്നിവരും ഇവരുടെ കൃഷിയിടത്തിൽ ജോലി ചെയ്യാനെത്തിയ ഷബീർ നദാഫ് എന്ന തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്. ആറുപേരും സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.

​സംഭവമറിഞ്ഞ് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ചഡ്ചൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.