ഇനി കഫ് സിറപ്പുകൾ ചുമ്മാ കിട്ടില്ല; കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര സർക്കാർ: പുതിയ ഡ്രഗ്സ് ഭേദഗതി നിയമം നിലവിൽ വന്നു
ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പ് രൂപത്തിലുള്ള എല്ലാ മരുന്നുകളുടെയും നേരിട്ടുള്ള (Over-the-Counter) വിൽപ്പന കേന്ദ്ര സർക്കാർ നിരോധിച്ചു. ഇനി മുതൽ ഇത്തരം മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) നിർബന്ധമാണ്. ഡ്രഗ്സ് റൂൾസ് 1945-ൽ ഭേദഗതി വരുത്തിക്കൊണ്ട് 'ഡ്രഗ്സ് (ഫിഫ്ത് അമൻഡ്മെന്റ്) റൂൾസ് 2026' പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
മുമ്പ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കുന്ന മരുന്നുകളുടെ ലിസ്റ്റായ 'ഷെഡ്യൂൾ കെ' (Schedule K)-യിൽ നിന്നാണ് സിറപ്പുകളെ കേന്ദ്ര സർക്കാർ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സാധാരണക്കാർ ചുമയ്ക്കും ജലദോഷത്തിനും മറ്റുമായി മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങിയിരുന്ന കഫ് സിറപ്പുകൾക്ക് പൂർണ്ണ നിയന്ത്രണം വരും.
പ്രധാന മാറ്റങ്ങൾ:
പ്രിസ്‌ക്രിപ്ഷൻ നിർബന്ധം: കഫ് സിറപ്പ്, ദഹനത്തിനായുള്ള സിറപ്പുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ലിക്വിഡ് ഒറൽ മരുന്നുകളും വാങ്ങാൻ റജിസ്റ്റേർഡ് ഡോക്ടറുടെ കുറിപ്പടി ഫാർമസികളിൽ കാണിക്കണം.
ഉടൻ പ്രാബല്യത്തിൽ: ജൂൺ 9-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഈ ഔദ്യോഗിക ഉത്തരവ് രാജ്യത്തുടനീളം ഉടനടി നിലവിൽ വന്നു.
ഗുളികകൾക്ക് ബാധകമല്ല: ഇതേ മരുന്നുകളുടെ ഗുളിക (Tablets/Capsules) രൂപങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
നിയന്ത്രണത്തിന് പിന്നിലെ കാരണം:
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്തിനകത്തും പുറത്തും കഫ് സിറപ്പുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG), എത്തിലീൻ ഗ്ലൈക്കോൾ (EG) തുടങ്ങിയ മാരക രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയും കുട്ടികളുടെ മരണത്തിന് വരെ അത് കാരണമാവുകയും ചെയ്തിരുന്നു. കൂടാതെ കഫ് സിറപ്പുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി (DTAB) ആലോചിച്ച ശേഷം കേന്ദ്ര സർക്കാർ ഈ കർശന നടപടി സ്വീകരിച്ചത്. പുതിയ നിയമം വഴി സിറപ്പുകളുടെ നിർമ്മാണത്തിലും വിതരണത്തിലും കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.