ഒരേ വാക്‌സിന് എങ്ങനെ രണ്ടുവില; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്സിന് രണ്ട് വില ഈടാക്കുക, വാക്സിൻ ക്ഷാമം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ കോടതി രൂക്ഷ
 

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഒരേ വാക്‌സിന് രണ്ട് വില ഈടാക്കുക, വാക്‌സിൻ ക്ഷാമം തുടങ്ങിയ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു

കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന് രണ്ട് വില നൽകേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്‌സിന് രണ്ട് പേർക്ക് എങ്ങനെ രണ്ട് വിലകളിൽ നൽകാനാകുമെന്ന് കോടതി ചോദിച്ചു. കേന്ദ്രവും സംസ്ഥാനവും നികുതിദായകരുട പണമാണ് വാക്‌സിൻ വാങ്ങുന്നതിനായി ചെലവഴിക്കുന്നത്. അതിനാൽ വ്യത്യസ്ത വില ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു

വാക്‌സിൻ വില നിർണയിക്കാനുള്ള അധികാരം കേന്ദ്രം എന്തുകൊണ്ടാണ് നിർമാതാക്കൾക്ക് വിട്ടത്. രാജ്യത്തിന് വേണ്ടി ഒരു വില ഏർപ്പെടുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. വില നിർണയിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരവും കോടതി ചൂണ്ടിക്കാട്ടി.

45ന് മുകളിൽ പ്രായമുള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതെന്നാണ് നിങ്ങൾ പറഞ്ഞത്. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായി ബാധിച്ചത് 18-44 വയസ്സിനിടയിലുള്ളവരെയാണ്. വാക്‌സിൻ സംഭരിക്കുകയെന്നതാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടി മാത്രം എന്തുകൊണ്ട് കേന്ദ്രം വാക്‌സിൻ വാങ്ങണമെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.