തമിഴ്‌നാട്ടിൽ സഖ്യത്തിൽ വിള്ളൽ; ഡി.എം.കെക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ: സിർകാഴിയിൽ പ്രതിഷേധം ശക്തം
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് തെരുവിലേക്ക്. ഡി.എം.കെ യൂത്ത് വിങ് പാസാക്കിയ പ്രമേയത്തിൽ കോൺഗ്രസിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഇരുപാർട്ടികളും തമ്മിലുള്ള പരസ്യമായ വാക്പോരിലേക്ക് വഴിമാറിയത്. ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ തമിഴ്‌നാട്ടിലെ സിർകാഴിയിൽ പ്രതിഷേധ പ്രകടനവും ഡി.എം.കെ പ്രമേയത്തിന്റെ പകർപ്പ് കത്തിക്കലും നടത്തി.
തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് സീറ്റുകൾ നേടിയതെന്നും എന്നാൽ പിന്നീട് പാർട്ടി കാണിച്ചത് നന്ദികേടാണെന്നുമാണ് ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തിൽ ഉയർന്ന വിമർശനം. ഇതിനെതിരെ കോൺഗ്രസിന്റെ എസ്.സി/എസ്.ടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. തങ്ങളുടെ രാഷ്ട്രീയ അടിത്തറയെ ചോദ്യം ചെയ്ത ഡി.എം.കെയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
പ്രതിഷേധം നടന്ന സ്ഥലത്തേക്ക് ഡി.എം.കെ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടാവുകയും പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്യുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വലിയ അകൽച്ച വന്നിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതെ സമയം പാർലമെന്റിൽ ഇരുപാർട്ടികൾക്കും ഒന്നിച്ച് പ്രവർത്തിക്കാനാകുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ തർക്കം രൂക്ഷമായി തുടരുകയാണ്.