{"vars":{"id": "89527:4990"}}

തമിഴ്‌നാട്ടിൽ പ്രണയിച്ച് വിവാഹിതനായ ദലിത് യുവാവിനെ വെട്ടിക്കൊന്നു; വ്യാപക പ്രതിഷേധം
 

 

തമിഴ്‌നാട് മയിലാടുതുറൈയിൽ ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. തിങ്കളാഴ്ച രാത്രിയാണ് വൈരമുത്തു എന്ന 28കാരനെ ആറംഗ സംഘം വെട്ടിക്കൊന്നത്. ദലിത് വിഭാഗത്തിൽപ്പെട്ട വൈരമുത്തു, അതേ വിഭാഗത്തിൽപ്പെട്ട മാലിനി എന്ന യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു

പെൺകുട്ടിയുടെ അമ്മയുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വിവാഹം. പെൺകുട്ടിയുടെ അമ്മ ദലിത് ഇതര വിഭാഗത്തിലായതിനാലാണ് വിവാഹത്തെ എതിർത്തതെന്നാണ് വിവരം. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞ് രണ്ട് ദിവസം മുമ്പ് മാലിനി ജോലിക്കായി ചെന്നൈയിലേക്ക് പോകുകയും ചെയ്തു

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന വൈരമുത്തുവിനെ ആറംഗ സംഘം വെട്ടിക്കൊന്നത്. സംഭവത്തിൽ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾക്കെതിരെ എസ് സി, എസ് ടി അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതാവശ്യപ്പെട്ട് ബന്ധുക്കൾ മയിലാടുതുറൈ-കുംഭകോണം ദേശീയപാത ഉപരോധിക്കുകയും ചെയ്തു.