{"vars":{"id": "89527:4990"}}

ഇന്ത്യൻ നാവികരുടെ മരണം; അമേരിക്കൻ ഭീഷണിക്കു മുന്നിൽ മോദി വിധേയനെപ്പോലെ നിൽക്കുന്നു: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

 

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രപരിധിയിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ യു.എസ് ഭരണകൂടം ഖേദം പ്രകടിപ്പിക്കാത്തതിനെയും, പകരം ഇന്ത്യക്ക് 'മുന്നറിയിപ്പ്' നൽകുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കിയതിനെയും രാഹുൽ ശക്തമായി ചോദ്യം ചെയ്തു. പ്രധാനമന്ത്രി അമേരിക്കയുടെ കൽപ്പനകൾ അനുസരിക്കുന്ന ഒരു 'വിധേയനായ വേലക്കാരനെപ്പോലെ' (Obedient Servant) പെരുമാറുകയാണെന്ന് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമമായ എക്സിൽ (X) കുറിച്ചു.

​ഹോർമുസ് കടലിടുക്കിലെ യു.എസ് ഉപരോധം ലംഘിക്കരുതെന്നും തങ്ങളുടെ നിർദേശങ്ങൾ ഉടൻ പാലിക്കണമെന്നുമുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനകളെ പരാമർശിച്ചായിരുന്നു രാഹുലിന്റെ വിമർശനം.

​"മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും അമേരിക്കയ്ക്ക് യാതൊരു ഖേദവുമില്ല, അവർ മാപ്പ് പറഞ്ഞിട്ടുമില്ല. പകരം ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. സ്വതന്ത്രമായ ഒരു രാജ്യവും ഇത്തരം ഭാഷ വെച്ചുപൊറുപ്പിക്കില്ല. എന്നാൽ നമ്മുടെ പ്രധാനമന്ത്രിയാകട്ടെ പൂർണ്ണ നിശ്ശബ്ദതയിലാണ്. അവർ ഒരു അനുസരണയുള്ള വേലക്കാരനെപ്പോലെ കേൾക്കുകയും ഉത്തരവുകൾ പാലിക്കുകയും ചെയ്യുന്നു." - രാഹുൽ ഗാന്ധി വ്യക്തമാക്കി.

​ഒമാൻ തീരത്തിന് സമീപം 'എം.ടി സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ യു.എസ് ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ടത്. ആദിത്യ ശർമ്മ, സുരേഷ് പട്നാല, ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചത്.

​അടുത്ത ആഴ്ച നടക്കുന്ന ജി-7 (G7) ഉച്ചകോടിയിൽ പ്രധാനമന്ത്രി ലോകനേതാക്കളെ കെട്ടിപ്പിടിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമെന്നും എന്നാൽ മരിച്ച ഇന്ത്യൻ പൗരന്മാർക്കായി സംസാരിക്കാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യക്കാരുടെ ജീവനെടുത്തവരെ പിണക്കാൻ കെൽപ്പില്ലാത്ത ഒരു പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് വിദേശകാര്യ മന്ത്രാലയം യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.