ഡൽഹി മദ്യനയ അഴിമതി: കെ കവിതയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
 

 

ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ കവിത സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് വിളിപ്പിക്കാനാകില്ലെന്ന് കവിതയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാനദണ്ഡമനുസരിച്ച്, ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിക്കാൻ കഴിയില്ലെന്നും അവരുടെ വസതിയിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.  ഹർജി മാർച്ച് 24ന് പരിഗണിക്കും.

അതേസമയം കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്‌ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ ഉള്ള മനീഷ് സിസോദിയ, അരുൺ രാമചന്ദ്രപിള്ള എന്നിവരെ കവിതയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കഴിഞ്ഞ ശനിയാഴ്ച ഇഡി കവിതയെ ചോദ്യം ചെയ്തിരുന്നു.