കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നൽകി
ന്യൂഡൽഹി: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് ദില്ലി പോലീസ് അനുമതി നൽകി. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു പാർട്ടി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കടുത്ത ഉപാധികളോടെ ജന്തർ മന്തറിൽ ധർണ്ണ നടത്താനാണ് ഇപ്പോൾ പോലീസ് അനുമതി നൽകിയിരിക്കുന്നത്.
സി.ജെ.പി നേതാവ് അഭിജിത് ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവിടെ നേരിട്ടെത്തി ചർച്ചകൾ നടത്തുകയായിരുന്നു. പാർലമെന്റ് സ്ട്രീറ്റിലേക്ക് പോകാതെ തന്നെ വിമാനത്താവളത്തിൽ വെച്ച് ആവശ്യമായ രേഖകൾ കൈമാറുകയും തുടർന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധം മാറ്റാൻ ധാരണയാവുകയുമാണുണ്ടായത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.
കൂടുതൽ പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തിച്ചേരുമെന്നും അല്പസമയത്തിനകം തന്നെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും പാർട്ടി വക്താക്കൾ അറിയിച്ചു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന അഭിജിത് മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.