{"vars":{"id": "89527:4990"}}

കനത്ത മൂടൽ മഞ്ഞ്: യമുന എക്‌സ്പ്രസ് വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് പേർ മരിച്ചു
 

 

ഡൽഹി-ആഗ്ര എക്‌സ്പ്രസ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 25 പേർക്ക് അപകടത്തിൽ പരുക്കേറ്റു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. 

മഥുര ജില്ലയിലെ യമുന എക്‌സ്പ്രസ് വേയുടെ ആഗ്ര-നോയ്ഡ കാരിയേജ് വേയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ചപരിധി വളരെ കുറവായിരുന്നു. ഇതേ തുടർന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

കാഴ്ച മങ്ങിയതോടെ ഏഴ് ബസുകളും മൂന്ന് കാറുകളും ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി തീപിടിക്കുകയായിരുന്നു.