വിമത എംഎൽഎമാരെ കാണാനെത്തിയ ദിഗ് വിജയ് സിംഗിനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു; സ്‌റ്റേഷനിൽ നിരാഹാരമിരിക്കുന്നു

മധ്യപ്രദേശിൽ നിന്നും ബംഗളൂരുവിലെ റിസോർട്ടിൽ ഒളിച്ചു താമസിക്കുന്ന വിമത എംഎൽഎമാരെ കാണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത
 

മധ്യപ്രദേശിൽ നിന്നും ബംഗളൂരുവിലെ റിസോർട്ടിൽ ഒളിച്ചു താമസിക്കുന്ന വിമത എംഎൽഎമാരെ കാണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. 21 വിമത എംഎൽഎമാർ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാൻ ദിഗ് വിജയ് സിംഗിനെ പോലീസ് സമ്മതിച്ചില്ല.

പോലീസ് പ്രവേശനം നിഷേധിച്ചതോടെ ഹോട്ടലിന് മുന്നിൽ ധർണയിരുന്ന ദിഗ് വിജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയാണ് താൻ. തന്റെ എംഎൽഎമാരെ ഇവിടെ തടഞ്ഞു വെച്ചിരിക്കുകയാണ്. അവരോട് സംസാരിക്കണമെന്നുണ്ട്. അവരുടെ ഫോണുകൾ പിടിച്ചെടുത്തിരിക്കുകയാണ്. പോലീസ് എന്നെ അവരുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

ബിജെപി സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു. ദിഗ് വിജയ് സിംഗ് ഇവിടെ ഒറ്റക്കല്ല. അദ്ദേഹത്തിന് എങ്ങനെ പിന്തുണ നൽകണമെന്ന് എനിക്കറിയാം. എന്നാൽ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാൻ ആഗ്രഹമില്ലെന്നും ശിവകുമാർ പറഞ്ഞു. അമൃതഹള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച ദിഗ് വിജയ് സിംഗ് ഇവിടെ നിരാഹാരമനുഷ്ഠിക്കുകയാണ്.