കുട്ടികളുടെ കുളത്തിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് ഡൈവിങ്; നൃത്തം ചെയ്ത് ആവേശം കാട്ടിയ 25-കാരന് ദാരുണാന്ത്യം: നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈ: റിസോർട്ടിലെ നീന്തൽക്കുളത്തിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ സിന്ദൂബര്‍ഗ് ജില്ലയിലെ മാൽവനിലുള്ള വയരിയിലെ റിസോർട്ടിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. സാങ്‌ലി സ്വദേശിയായ ഷേർനിഖ് മിലിന്ത് ടക്കാലെ (25) എന്ന യുവാവാണ് മരിച്ചത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജൂൺ 20-നായിരുന്നു ഒൻപതംഗ സുഹൃത്തുക്കളുടെ സംഘം മാൽവനിലേക്ക് വിനോദയാത്രയ്‌ക്കായി എത്തിയത്. തുടർന്ന് ഇവർ റിസോർട്ടിൽ മുറിയെടുക്കുകയായിരുന്നു. ഇതിനിടെ റിസോർട്ടിലെ നീന്തൽക്കുളം കണ്ടതോടെ യുവാക്കൾ കുളത്തിലേക്ക് ഇറങ്ങി. എന്നാൽ വലിയവർക്കുള്ള കുളത്തിന് പകരം കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ, നാലോ അഞ്ചോ അടി മാത്രം താഴ്ചയുള്ള കുളത്തിലായിരുന്നു സുഹൃത്തുക്കൾ ഇറങ്ങിയത്.
മറ്റു സുഹൃത്തുക്കൾ നെഞ്ചോളം താഴ്ചയുള്ള വെള്ളത്തിൽ നിൽക്കുന്ന സമയത്താണ് ഷേർനിഖ് തൊട്ടടുത്തുള്ള വെയർഹൗസ് കെട്ടിടത്തിന്റെ മുകളിൽ കയറിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് ആവേശത്തോടെ നൃത്തം ചെയ്ത യുവാവ്, പെട്ടെന്ന് തന്നെ താഴെയുള്ള ചെറിയ കുളത്തിലേക്ക് തലകുത്തി (ഡൈവ്) ചാടുകയായിരുന്നു.
A fun-filled trip to Malvan ended in tragedy after a 25-year-old tourist from Sangli died following a dive into the shallow end of a swimming pool at a resort in Vayari. A video of the incident has since gone viral on social media.
— Hate Detector 🔍 (@HateDetectors) June 27, 2026
The deceased has been identified as Shrenik… https://t.co/w8D0u4Jo6B pic.twitter.com/MmHssWi8PO
യുവാവ് വെള്ളത്തിലേക്ക് മുങ്ങിയ സമയത്ത് സുഹൃത്തുക്കൾ ആർത്തുവിളിച്ചെങ്കിലും, ഏറെ നേരം കഴിഞ്ഞിട്ടും ഷേർനിഖ് പൊങ്ങിവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകടം മനസ്സിലായത്. കുളത്തിന് ആഴം കുറവായിരുന്നതിനാൽ ചാടിയ വേഗതയിൽ യുവാവിന്റെ തല ശക്തമായി കുളത്തിന്റെ അടിത്തട്ടിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടി പിളർന്നു.
സുഹൃത്തുക്കൾ ഉടൻ തന്നെ ഷേർനിഖിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പ്രാദേശിക പോലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മഴക്കാലത്ത് ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും ഇറങ്ങുമ്പോൾ യുവാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.