{"vars":{"id": "89527:4990"}}

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

 

ബെംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാർ.

​ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഡി കെ ശിവകുമാറിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. യു ടി ഖാദർ അടക്കം രണ്ട് മലയാളി പ്രതിനിധികളുൾപ്പെടെ പതിനാല് അംഗ മന്ത്രിസഭയാണ് ആദ്യഘട്ടത്തിൽ അധികാരമേറ്റത്.

​ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരടക്കമുള്ള ദേശീയ നേതൃത്വം ഒന്നടങ്കം പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

​ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം രാജിവെച്ചതോടെയാണ് ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്. നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് ഡി കെ ശിവകുമാറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവായ ഡി കെ ശിവകുമാർ, കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ 'ട്രബിൾ ഷൂട്ടർ' എന്നാണ് അറിയപ്പെടുന്നത്.