{"vars":{"id": "89527:4990"}}

പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡോണൾഡ് ട്രംപ്; ക്ഷണം കൈമാറി മാർക്കോ റൂബിയോ

 

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കും. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ട്രംപിന് വേണ്ടി പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക ക്ഷണം കൈമാറിയത്. ശനിയാഴ്ച ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാർക്കോ റൂബിയോ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക നീക്കം.

​നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ച അതീവ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതിയെക്കുറിച്ചും പ്രാദേശിക-ആഗോള സുരക്ഷാ കാര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

​സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര മേഖലയിലുണ്ടായ ചില അസ്വാരസ്യങ്ങൾ പരിഹരിക്കാനും പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഈ സന്ദർശനം. വൈകാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിക്കുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ഈ ക്ഷണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.