ലിംഗായത്ത് വോട്ടുകൾ ചോരരുത്; കർണാടകയിൽ ബിജെപി ജയിച്ചാൽ ബസവരാജ ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും

 

കർണാടകയിൽ ബിജെപി ജയിച്ചാൽ ബസവരാജ് ബൊമ്മെ തന്നെ മുഖ്യമന്ത്രിയാകും. ലിംഗായത്ത് സമുദായക്കാരുടെ വോട്ട് ഉറപ്പിക്കാനാണ് ഇതുവഴി നീക്കം. കർണാടകയിൽ ബിജെപിയുടെ പ്രധാന വോട്ട് ബാങ്കാണ് ലിംഗായത്ത് വിഭാഗം. ലിംഗായത്ത് വിഭാഗക്കാരുടെ പ്രധാന നേതാവായ മുൻ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടർ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. 

ഇതോടെയാണ് ലിംഗായത്തിൽ നിന്ന് തന്നെയുള്ള ബൊമ്മെയെ മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുക്കാൻ ബിജെപി തീരുമാനിച്ചത്. ബൊമ്മെ, യെദ്യൂരപ്പ തുടങ്ങിയ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി. ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ തന്നെ രംഗത്തുണ്ട്. നേതാക്കളോട് ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന കർശന നിർദേശവും അമിത് ഷാ നൽകിയിട്ടുണ്ട്.