{"vars":{"id": "89527:4990"}}

'അനുമതിയില്ലാതെ ഡൽഹി വിടരുത്': വ്യാജ നോട്ടീസിൽ വൻ വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്

 

ന്യൂഡൽഹി: ജന്തർ മന്തറിനും കനോട്ട് പ്ലേസിനും സമീപമുള്ള നിരോധിത മേഖലകളിൽ പ്രവേശിച്ചവരെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS), സിസിടിവി എന്നിവ വഴി തിരിച്ചറിഞ്ഞെന്നും, അനുമതിയില്ലാതെ ഡൽഹിക്ക് പുറത്തുപോകരുതെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലീസിന്റെ പേരിൽ ഉള്ള നോട്ടീസ് പൂർണ്ണമായും വ്യാജമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

​സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഈ വ്യാജ നോട്ടീസിൽ, നിർദ്ദിഷ്ട മേഖലയിൽ പ്രവേശിച്ചതിനെക്കുറിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും, അനുമതിയില്ലാതെ ഡൽഹി വിട്ടു പോകരുതെന്നും, ഡിജിറ്റൽ ഉപകരണങ്ങൾ നിരീക്ഷണത്തിലാണെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

​എന്നാൽ, പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും, പൊതുജനങ്ങളിൽ ഭീതി പരത്താനും തെറ്റിദ്ധരിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഡൽഹി പോലീസ് ഔദ്യോഗികമായി അറിയിച്ചു.

​ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു.