സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം
വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്തയക്കുകയും ചെയ്തു. പരിധി എത്രയാണ് നിശ്ചയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല
സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.