പ്രധാനമന്ത്രിയുടെ പോസ്റ്റ് തൊട്ടുകളിക്കേണ്ട; ഖേദം പ്രകടിപ്പിച്ച് മെറ്റ: വിശദീകരണം തള്ളി കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വീഡിയോ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ ഒടുവിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ച് മെറ്റ. എഐ (നിർമ്മിത ബുദ്ധി) ഓട്ടോമേറ്റഡ് ഫിൽറ്ററുകൾക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് വീഡിയോ അറിയാതെ നീക്കം ചെയ്യപ്പെടാൻ കാരണമായതെന്നാണ് മെറ്റ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ മെറ്റയുടെ ഈ വാദം കേന്ദ്ര ഐടി മന്ത്രാലയം പൂർണ്ണമായും തള്ളി. രാജ്യത്തിന്റെ ഭരണത്തലവന്റെ ഔദ്യോഗിക അക്കൗണ്ടിൽ കടന്നുകയറി ഇത്തരം നീക്കങ്ങൾ നടത്തിയത് സാങ്കേതിക പിഴവെന്ന് പറഞ്ഞ് ലഘൂകരിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര സർക്കാർ.
സംഭവം വൻ വിവാദമായതോടെ വലിയ സാങ്കേതിക-നിയമ നടപടികൾ ഭയന്ന മെറ്റ, ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പാലിക്കുമെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു. ഇനിമുതൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖരുടെയും ഭരണഘടനാ പദവിയിലുള്ളവരുടെയും അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷയും കർശന മേൽനോട്ടവും ഉറപ്പാക്കും. എഐ സിസ്റ്റങ്ങൾക്ക് മാത്രം വിട്ടുനൽകാതെ, കമ്പനിയിലെ മുതിർന്ന ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പ്ലസ്-വൺ പരിശോധനകൾക്ക് ശേഷം മാത്രമേ ഇത്തരം വിഐപി അക്കൗണ്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ മാറ്റങ്ങളോ വരുത്തുകയുള്ളൂവെന്നും മെറ്റ ഉറപ്പുനൽകിയിട്ടുണ്ട്
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വലിയ ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം കാണുന്നതിനായി വരും ദിവസങ്ങളിൽ മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ഐടി മന്ത്രാലയ പ്രതിനിധികളുമായി നേരിട്ട് ചർച്ചകൾ നടത്തും. ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന സുതാര്യതയും പ്രമുഖരുടെ അക്കൗണ്ടുകളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ ഈ ഉന്നതതല ചർച്ചകൾ നിർണായകമാകും എന്നാണ് കരുതപ്പെടുന്നത്. പ്ലാറ്റ്‌ഫോം നിയന്ത്രണങ്ങളുടെ പേരിൽ ഇന്ത്യയുടെ ഡിജിറ്റൽ നിയമങ്ങളെ വെല്ലുവിളിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്രം മെറ്റയ്ക്ക് നൽകിയിട്ടുണ്ട്.