യു.എസ് സെക്ഷൻ 301-ൽ ആശങ്ക വേണ്ട, നമ്മളത് നേരിടും; മികച്ച വ്യാപാരക്കരാർ ഉറപ്പ്: പിയൂഷ് ഗോയൽ
ന്യൂഡൽഹി: അമേരിക്കയുടെ 'സെക്ഷൻ 301' (Section 301) പ്രകാരമുള്ള വ്യാപാര അന്വേഷണങ്ങളിലും അധിക നികുതി ചുമത്താനുള്ള നീക്കങ്ങളിലും ഇന്ത്യക്ക് യാതൊരുവിധ ആശങ്കയുമില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഈ പ്രതിസന്ധിയെ ഇന്ത്യ കൃത്യമായി നേരിടുമെന്നും യു.എസുമായി മികച്ചൊരു വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുംബൈയിൽ നടന്ന ഒരു മാധ്യമ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ കോൺഗ്രസിന്റെ പിന്തുണയില്ലാത്ത സാഹചര്യത്തിൽ, മറ്റ് രാജ്യങ്ങൾക്ക് മേൽ നികുതി സമ്മർദ്ദം ചെലുത്താൻ യു.എസ് കണ്ടെത്തിയ ഒരു മാർഗ്ഗം മാത്രമാണ് ഈ അന്വേഷണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ ഈ നീക്കങ്ങൾ ചൈനയെപ്പോലെയുള്ള രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും, ഇത് ഇന്ത്യ പോലുള്ള വിപണികൾക്ക് ആഗോളതലത്തിൽ കൂടുതൽ മത്സരസാധ്യതയും മുൻഗണനയും നൽകാനാണ് സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചുകൊണ്ടുള്ള കരാറിലെത്താൻ രാജ്യത്തിന് സാധിക്കും. യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ ചർച്ചകൾക്കായി ഇന്ത്യ സന്ദർശിക്കുമെന്നും ജൂലൈ പകുതിയോടെ ഇന്ത്യ-യു.എസ് വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.