{"vars":{"id": "89527:4990"}}

​'ഇ20 ജനതാ പാർട്ടി' ജനപ്രീതിയിൽ കുതിക്കുന്നു; ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം മൂന്ന് ലക്ഷം കടന്നു

 

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 (എഥനോൾ മിശ്രിത) പെട്രോൾ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ പൗരാവകാശ മുന്നേറ്റവുമായി മുന്നേറുന്ന 'ഇ20 ജനതാ പാർട്ടി' (E20 Janta Party) വലിയ ജനശ്രദ്ധ നേടുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സംഘടനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മൂന്ന്  ലക്ഷത്തിലധികം ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ടു.

​എഥനോൾ കലർത്താത്ത 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉറപ്പാക്കണമെന്നാണ് ഈ കൂട്ടായ്മ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇ20 ഇന്ധനം വാഹനങ്ങളുടെ എഞ്ചിൻ പ്രകടനത്തെയും മൈലേജിനെയും ബാധിക്കുന്നുവെന്നും അറ്റകുറ്റപ്പണി ചെലവുകൾ വർദ്ധിപ്പിക്കുന്നുവെന്നുമാണ് ഇവരുടെ വാദം.

​തങ്ങളുടേത് ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച സ്വതന്ത്ര പൗര പ്രസ്ഥാനമാണെന്നും അക്കൗണ്ട് ഉടമകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ ടാക്സി-വാഹന യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകളും ഇതിനകം തന്നെ ഈ ക്യാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.