അസമിൽ രാജധാനി എക്‌സ്പ്രസ് ഇടിച്ച് എട്ട് ആനകൾ ചെരിഞ്ഞു; ട്രെയിൻ പാളം തെറ്റി
Dec 20, 2025, 10:58 IST
അസമിൽ ആനക്കൂട്ടത്തിനിടയിലേക്ക് രാജധാനി എക്‌സ്പ്രസ് പാഞ്ഞുകയറി എട്ട് ആനകൾ ചെരിഞ്ഞു. അസമിലെ നാഗോൺ ജില്ലയിലാണ് ദാരുണമായ സംഭവം. അപകടത്തിന് പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2.17ഓടെയാണ് സംഭവം
അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടം. ന്യൂഡൽഹി-ഡിഎൻ സായിരംഗ് രാജധാനി എക്‌സ്പ്രസാണ് ആനകളെ ഇടിച്ചത്
ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഇതിനോടകം ട്രെയിൻ ഇടിച്ചുകയറിയിരുന്നു. പാളത്തിലുണ്ടായിരുന്ന എട്ട് ആനകളാണ് ചെരിഞ്ഞത്. ട്രെയിൻ പാളം തെറ്റിയെങ്കിലും ആർക്കും അപകടമൊന്നുണ്ടാകാതെ രക്ഷപ്പെട്ടു