കർണാടകയിൽ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി: എട്ട് മരണം: നിരവധി പേർക്ക് പരിക്ക്
ഹാസൻ (കർണാടക): കർണാടകയിലെ ഹാസൻ ജില്ലയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനുള്ള ഘോഷയാത്രയിലേക്ക് അമിതവേഗതയിൽ വന്ന ട്രക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. അപകടത്തിൽ 20-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ഹാസനിലെ എച്ച്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ അഞ്ച് പേർ പ്രദേശത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണെന്ന് സൂചനയുണ്ട്. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ നാലായിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു. വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ കർണാടക മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എംഎൽഎ എച്ച്.ഡി. രേവണ്ണയും എംപി ശ്രേയസ് പട്ടേലും ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നും ആരോപണമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.