എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേര്: അടിസ്ഥാന രഹിതമെന്ന് വിദേശകാര‍്യ മന്ത്രാലയം
എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശം തള്ളി കേന്ദ്രസർക്കാർ. പരാമർശം അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. 2017 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് മാത്രമാണ് വസ്തുത എന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.
“എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഒരു ഇമെയിൽ സന്ദേശത്തിന്റെ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. 2017 ജൂലൈയിൽ പ്രധാനമന്ത്രിയുടെ ഇസ്രയേൽ ഔദ്യോഗിക സന്ദർശനം എന്ന വസ്തുതയ്ക്ക് പുറമേ, ഇമെയിലിലെ ബാക്കി പരാമർശങ്ങൾ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ വെറും വൃഥാ ചിന്തകൾ മാത്രമാണ്, അത് അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ.
1992 ൽ ഇന്ത്യയും ഇസ്രയേലും പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം, ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്ന സമയമായിരുന്നു 2017 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനം. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിലാണ് മോദിയെ പരാമർശിക്കുന്നത്.
വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ പ്രതികരണരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് ദേശീയ അപമാനമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചത്. 2000ത്തിലധികം വിഡിയോകളും 1.8 ലക്ഷം ചിത്രങ്ങളുമാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകളിലുള്ളത്.