{"vars":{"id": "89527:4990"}}

എഫ്സിആർഎ നിയമഭേദഗതി ബിൽ; ആശങ്ക അറിയിച്ച് സിബിസിഐ: അമിത് ഷായ്ക്ക് നിവേദനം നല്‍കി

 

എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകി സിബിസിഐ. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്‌സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്‍കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.

കൂടാതെ ബില്ല് പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണം, ആസ്തി കണ്ടുകെട്ടുന്നത് പോലുള്ള കടുത്ത വ്യവസ്ഥകൾ ഒഴിവാക്കുക, ജീവകാരുണ്യ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കുക, പരാതികൾ പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഒരു അപ്പീൽ അതോറിറ്റി രൂപീകരിക്കുക എന്നിങ്ങനെയാണ് ആവശ്യം.

ലോക്സഭയിൽ അമിത് ഷാ നാളെ ചർച്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ കേരളത്തിലെ പ്രചാരണങ്ങളിൽ നിന്ന് ഒരു ദിവസത്തെ അവധിയെടുത്തെത്തുന്ന ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആൻറണി, ഫ്രാൻസിസ് ജോർജ് ഉൾപ്പടെയുള്ള പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കും. രാഹുൽ ഗാന്ധിയും ബില്ലിൽ സംസാരിച്ചേക്കും. അധികാരം ദുർവിനിയോഗപ്പെട്ടേക്കാം എന്ന ആശങ്ക പങ്കുവെച്ച കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ഭാവ ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. ഈ സമയത്തെ ബില്ല് അവതരണത്തിൽ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്. ബില്ലിൽ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. സ്വഭാവികമായും ക്രൈസ്തവർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.