{"vars":{"id": "89527:4990"}}

വിരലടയാളങ്ങൾ മാച്ച് ആകുന്നില്ല; പിടികൂടിയത് യഥാർത്ഥ പ്രതിയെയോ? വലഞ്ഞ് പൊലീസ്: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസിൽ ട്വിസ്റ്റ്

 
മുംബൈ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി മുഹമ്മദ് ഷെരീഫുളിന്റേതല്ലെന്ന് ഫൊറൻസിക് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഇവയിൽ ഒന്നു പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റ് ബ്യൂറോയിലാണ് പരിശോധനകള്‍ നടന്നത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ പ്രതിയുടേതല്ലെന്ന് കണ്ടെത്തിയത്. തുടര്‍ പരിശോധനകള്‍ക്കായി അന്വേഷണ സംഘം കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സി.ഐ.ഡി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നടന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി പ്രതി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തറ്റതായാണ് വിവരം. കൂടാതെ കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ഓട്ടോറിക്ഷയിലാണ് നടനെ ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ ബംഗ്ലാദേശ് പൗരന്‍ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.