മുംബൈയിലെ ഇഡി ഓഫീസിൽ തീപിടിത്തം; ഫയലുകളും രേഖകളുമടക്കം കത്തിനശിച്ചു
Apr 28, 2025, 08:17 IST
മുംബൈയിലെ ഇഡി ഓഫീസിൽ തീപിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസർ ഐ ഹിന്ദ് കെട്ടിടത്തിലെ ഓഫീസിൽ പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സർക്കാർ ഫയലുകളും കത്തി നശിച്ചതായി റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല. ആറുനില കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഇഡി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ ഫർണിച്ചറുകളിലേക്ക് തീ പടർന്നതോടെയാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത്. ഫയലുകളടക്കം കത്തിയതോടെ കെട്ടിടം പുകയാലും നിറഞ്ഞു മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. മുംബൈ ഫയർഫോഴ്‌സിന്റെ 12 ഫയർ എൻജിനുകൾ, ഏഴ് ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ തുടങ്ങിയവ എത്തിച്ചാണ് തീ അണച്ചത്.