{"vars":{"id": "89527:4990"}}

പണം കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിരക്ഷാ സേന; ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണത്തിൽ വൻ ട്വിസ്റ്റ്

 
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയെന്ന കേസിൽ ട്വിസ്റ്റ്. അഗ്നിരക്ഷാ സേന പണം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അതുൽ ഗാർഗ് അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കുക മാത്രമാണ് ചെയ്തത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിനു മുമ്പ് പൊലീസ് അവിടെ ഉണ്ടായിരുന്നുവെന്നും അതുൽ ഗാർഗ് വ്യക്തമാക്കി. ഒദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ്, ഒരു മുറിയിൽ 15 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. കണക്കില്‍ പെടാത്ത പണം ആണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ ഉന്നത പൊലീസ് മേധാവികളെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത്, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചു. യശ്വന്ത് വര്‍മ്മയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു. എന്നാൽ പണം കണ്ടെത്തിയത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരല്ലെന്ന് ഡൽഹി ഫയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അതുൽ ഗാർഗ് പ്രതികരിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കുക മാത്രമാണ് ഫയർ ഫോഴ്സ് ചെയ്തതെന്നും പൊലീസ് നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഫയർ ഫോഴ്സ് മേധാവി വ്യക്തമാക്കി. ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിന് എതിരെ ഇവിടുത്തെ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സ്ഥലമാറ്റിയ കൊളീജിയം തീരുമാനം പിന്‍വലിക്കണമെന്നാണ് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടത്.