പൗരത്വ പ്രക്ഷോഭം: ആറ് വർഷം മുമ്പ് മരിച്ചയാൾക്കും നോട്ടീസ് അയച്ച് ഉത്തർപ്രദേശ് പോലീസ്

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ യുപിയിൽ മാത്രം 20 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പലരും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു. പ്രക്ഷോഭത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെയുള്ള പ്രതികാര നടപടികളുമായി യോഗി
 

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ യുപിയിൽ മാത്രം 20 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പലരും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നു. പ്രക്ഷോഭത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെയുള്ള പ്രതികാര നടപടികളുമായി യോഗി ആദിത്യനാഥ് സർക്കാർ മുന്നോട്ടുപോകുകയാണ്. മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചാണ് സർക്കാരിന്റെ പ്രതികാര നടപടികളെന്ന് രാജ്യവ്യാപകമായി തന്നെ ആരോപണം ഉയരുന്നുണ്ട്.

ഫിറോസാബാദ് പോലീസ് 200 പേർക്ക് പ്രക്ഷോഭത്തിന് പിന്നാലെ നോട്ടീസ് അയച്ചിരുന്നു. ഇത്തരത്തിൽ ഒരു നോട്ടീസ് അയച്ചിരിക്കുന്നത് ആറ് വർഷം മുമ്പ് മരിച്ചയൊരാളുടെ പേരിലേക്കാണ്. അക്രമസംഭവങ്ങളിൽ പങ്കെടുത്തവരെയല്ല, ഒരു വിഭാഗത്തെയാണ് യോഗി സർക്കാർ ടാർഗറ്റ് ചെയ്യുന്നതെന്ന വാദത്തിന് ബലമേകുകയാണ് ഫിറോസാബാദ് പോലീസിന്റെ നടപടി

ആറ് വർഷം മുമ്പ് 94ാം വയസ്സിൽ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുകൂടാതെ 90ഉം 93ും വയസ്സുള്ള രണ്ട് പേർക്ക് അക്രമ സംഭവങ്ങളിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിൽ 93 വയസ്സുള്ള ഫസ്ഹത്ത് ഖാനാകാട്ടെ മാസങ്ങളായി എഴുന്നേൽക്കാൻ പോലും വയ്യാതെ കിടപ്പിലാണ്. ന്യൂമോണിയ ബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് തിരിച്ചെത്തിയ സൂഫി അൻസാർ ഹുസൈൻ എന്നയാൾക്കും പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്

90ഉം 93 ഉം വയസ്സുള്ള ഈ വയോധികരോട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.