{"vars":{"id": "89527:4990"}}

അസമിൽ പ്രളയക്കെടുതി രൂക്ഷം; 1.6 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 95 ആയി

 

ഗുവാഹത്തി: അസമിൽ പ്രളയസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് പ്രളയത്തിലും കനത്ത മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. 14 ജില്ലകളിലായി 1.6 ലക്ഷത്തിലധികം (1,60,000) ആളുകളെയാണ് വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിരിക്കുന്നത്.

​ശിവസാഗർ, ഗൊലാഘട്ട്, ജോർഹട്ട്, ബിശ്വനാഥ് തുടങ്ങിയ ജില്ലകളിലാണ് പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്. ഇതിൽ ശിവസാഗർ ജില്ലയിൽ മാത്രം ഇതുവരെ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചരൈദിയോയിൽ 21 പേരും ജോർഹട്ടിൽ 9 പേരും മരണപ്പെട്ടു.

​സംസ്ഥാനത്ത് പതിനായിരക്കണക്കിന് ഹെക്ടർ കൃഷിഭൂമി പൂർണ്ണമായും വെള്ളത്തിനടിയിലാണ്. റോഡുകളും പാലങ്ങളും നദീതീരങ്ങളും തകർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പ്രളയബാധിതർക്കായി നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.

​കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതർക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.