മുൻ എംപി മസ്താന്റെ കൊലപാതകം: സഹോദരന്റെ പുത്രി ഫരീദ അറസ്റ്റിൽ
 

 

ഡിഎംകെ മുൻ എംപി ഡി മസ്താന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഫരീദ ഷഹീനയും(26) അറസ്റ്റിൽ. ഗൂഢാലോചന കേസിലാണ് ഫരീദയെ അറസ്റ്റ് ചെയ്തത്. 66കാരനായ മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഗൗസ് പാഷയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു

കേസിൽ ഗൗസ് പാഷ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായ ഇമ്രാൻ പാഷയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സ്വത്ത് തർക്കമാണ് മസ്താന്റെ കൊലപാതകത്തിന് പിന്നിൽ. ഗൗസ് പാഷയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഢാലോചനയിൽ ഫരീദക്കും പങ്കുണ്ടെന്ന് വ്യക്തമായത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ഡിസംബർ 22നാണ് മസ്താനെ മരിച്ച നിലയിൽ ഇമ്രാൻ പാഷയും ബന്ധു സുൽത്താനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നത്. യാത്രക്കിടെ ഹൃദയാഘാതമുണ്ടായി എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ മൃതദേഹത്തിൽ പരുക്കുകൾ കണ്ടെത്തിയ മകൻ ഷാനവാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇമ്രാൻ കടം വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ച മസ്താനെ വാഹനത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ