ഗാന്ധിജിയും മോദിയുമടക്കം നാല് ഗുജറാത്തികൾ ആധുനിക ഇന്ത്യക്കായി വൻ സംഭാവന നൽകി: അമിത് ഷാ
 

 

ആധുനിക ഇന്ത്യയുടെ ചരിത്രത്തിന് നാല് ഗുജറാത്തികൾ കാര്യമായ സംഭവനകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്രമോദി എന്നിവരുടെ പേര് പരാമർശിച്ചാണ് അമിത് ഷായുടെ വാക്കുകൾ. ഡൽഹിയിൽ ശ്രീ ഡൽഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ പ്രയത്‌നങ്ങളെത്തുടർന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സർദാർ പട്ടേലിന്റെ പ്രവർത്തനങ്ങളെത്തുടർന്ന് രാജ്യം ഒന്നായി. രാജ്യത്ത് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാർജി ദേശായി ആയിരുന്നു. ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നത് നരേന്ദ്രമോദി കാരണമാണെന്നും അമിത് ഷാ പറഞ്ഞു. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമായതിനാലാണ് രാജ്യത്തിന് അഭിമാനമായി മാറുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഈ നാല് ഗുജറാത്തികളും വലിയ കാര്യങ്ങൾ നേടിയെടുത്തു. അവർ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുമുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ടെന്നും ഗുജറാത്തി ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.