{"vars":{"id": "89527:4990"}}

അഞ്ച് വയസുള്ള മകളെയടക്കം കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നു; കുടകിൽ മലയാളിക്ക് വധശിക്ഷ
 

 

കർണാടകയിലെ കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ സ്വന്തം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 

ഈ വർഷം മാർച്ച് 27ന് വൈകീട്ടാണ്  സംഭവം. ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകൾ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയാണ് ഗിരീഷ്. നാഗിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നു

സംഭവദിവസം വൈകീട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മകളടക്കം മറ്റ് മൂന്നുപേരെയും വെട്ടിക്കൊന്നു