{"vars":{"id": "89527:4990"}}

നാലര പതിറ്റാണ്ടിന് ശേഷം വക്കീൽ കുപ്പായത്തിൽ; എസ്‌ഐആറിനെതിരെ സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി
 

 

്ബംഗാളിലെ എസ്‌ഐആറിനെതിരായ ഹർജിയിൽ അഭിഭാഷകയായി സുപ്രീം കോടതിയിൽ വാദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഭിഭാഷക കുപ്പായത്തിൽ എത്തിയ മമത തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു

പാർട്ടിക്ക് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നതെന്ന് മമത പറഞ്ഞു. വോട്ടർമാരുടെ പ്രയാസങ്ങൾ അവർ അക്കമിട്ട് നിരത്തി. 100ലധികം പേർ എസ്‌ഐആറിനെ തുടർന്ന് മരിച്ചന്നും മമത കോടതിയിൽ ചൂണ്ടിക്കാട്ടി. വാദം പൂർത്തിയാക്കിയ ശേഷം മമത കോടതിക്ക് നന്ദി പറഞ്ഞു

ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാ മനോഭാവമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർവാദം. എന്നാൽ പച്ചക്കള്ളമാണ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസ് അയച്ചു. കേസിൽ തിങ്കളാഴ്ചയും വാദം തുടരും

നിയമബിരുദം നേടിയ മമത ബാനർജി നാലര പതിറ്റാണ്ടിന് ശേഷമാണ് കോടതിയിൽ വാദിക്കുന്നത്. ഹൈക്കോടതി അഭിഭാഷകയായി എൻ റോൾ ചെയ്ത അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ അഭിഭാഷകവൃത്തി അവസാനിപ്പിക്കുകയായിരുന്നു.