{"vars":{"id": "89527:4990"}}

ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തിൽ; സ്ലാബുകൾ രണ്ടായി മാറി; അവശ്യ വസ്തുക്കൾക്ക് വിലക്കുറവ്
 

 

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി തുടങ്ങി ചെറിയ കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

5 ശതമാനം 12 ശതമാനം 18 ശതമാനം 28 ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇനിയുണ്ടാകില്ല. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു.

തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്‌ക്കറ്റിനും ഐസ്‌ക്രീമിനും ചോക്ലേറ്റിനും കോൺഫ്‌ലേക്‌സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18 ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർധക വസ്തുക്കൾക്കും ഇല്‌ക്ട്രോണിക് ഉത്പന്നങ്ങൾക്കും വലിയതോതിൽ വില കുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു.

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. ചെറു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവർക്ക് ആശ്വാസമാകും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും.

അതേസമയം സിഗരറ്റിനും ലക്ഷ്വറി വാഹനഹങ്ങൾക്കും വില വർധിക്കും. 40 ശതമാനം സിൻ ടാക്‌സ് ാണ് ലഹരി വസ്തുക്കൾക്ക് മുകളിൽ ചുമത്തുക. ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.