{"vars":{"id": "89527:4990"}}

കസ്റ്റഡി മർദനക്കേസിൽ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

 
കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റവിമുക്തനാക്കി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസിൽ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കിയത്. പോർബന്തറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സഞ്ജീവ് ഭട്ട് പോർബന്തർ എസ് പിയായിരുന്ന കാലത്തെ സംഭവത്തിന്റെ പേരിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1996ൽ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തിൽ ലഹരി വെച്ച് കേസ് കെട്ടിച്ചമച്ചെന്ന ആരോപണത്തിൽ 20 വർഷം തടവിനും സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചിരുന്നു. നിലവിൽ രാജ്‌കോട്ട് ജയിലിലാണ് സഞ്ജീവ് ഭട്ട്.