രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി; അപകീർത്തിക്കേസിൽ അടിയന്തര സ്റ്റേയില്ല
 

 

അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ അടിയന്തര സ്റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ എംപി സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

രാഹുൽ ഗാന്ധിക്ക് വേണ്ടി മനു അഭിഷേക് സിംഗ്വിയും പൂർണേഷ് മോദിക്ക് വേണ്ടി നിരുപം നാനാവതിയും ഹാജരായി. വിചാരണ നടപടികളുമായി ബന്ധപ്പെട്ട യഥാർഥ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. 

2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. മജിസ്‌ട്രേറ്റ് കോടതി വിധി സെഷൻസ് കോടതിയും സ്‌റ്റേ ചെയ്യാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.