{"vars":{"id": "89527:4990"}}

മകന്‍ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിച്ചുകൂട്ടിയത് നാലു ദിവസം

 
ഹൈദരബാദ്: ഭൂമിയില്‍ ഒരു മാതാപിതാക്കള്‍ക്കും വരരുതേയെന്ന് ആരും പ്രാര്‍ഥിച്ചുപോകുന്ന വല്ലാത്തൊരു വിധിയാണ് ഹൈദരാബാദിലെ ദമ്പതികള്‍ക്കുണ്ടായത്. മുപ്പതുവയസുള്ള മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസമെന്നു കേള്‍ക്കുമ്പോള്‍തന്നെ നാം ഞെട്ടിത്തരിക്കും. നഗരത്തില്‍ കഴിയുന്ന കാഴ്ച പരിമിതിയുള്ള വയോധികരാണ് മകന്റെ മൃതദേഹത്തിനൊപ്പം വീട്ടില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലിസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് വയോധികര്‍ പറഞ്ഞു. പോലീസ് വീട്ടിലെത്തിയപ്പോള്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ വയോധികര്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. പിന്നീട് ഇവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയതും പോലീസിന്റെ നേതൃത്വത്തിലായിരുന്നു. ദമ്പതികളുടെ മൂത്ത മകനെ വിവരം അറിയിക്കുകയും മാതാപിതാക്കളെ അയാളുടെ സംരക്ഷണത്തിലാക്കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ച മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.