{"vars":{"id": "89527:4990"}}

കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തു; ആയുർവേദ ഡോക്ടർക്കെതിരേ പരാതി

 

ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 18കാരിയെ ആയുർവേദ ഡോക്റ്റർ മരുന്നു കുത്തി വച്ച് മയക്കി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്നൗവിലാണ് സംഭവം. തേജസ് ആശുപത്രിയിൽ മേയ് 18നാണ് അതിക്രമം നടന്നത്. പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ആശുപത്രി പൂട്ടാൻ ഉത്തരവിട്ടു. ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് മരവിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മേയ് 18ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു പരാതിക്കാരി. ചികിത്സയ്ക്കിടെ തന്നെ ഡോക്റ്റർ ഒറ്റയ്ക്ക് ഓപ്പറേഷൻ തിയെറ്ററിലേക്ക് വിളിപ്പിച്ചുവെന്നും അകത്തുണ്ടായിരുന്ന വനിതാ ജീവനക്കാരികളെ ഉൾപ്പെടെ പുറത്താക്കിയ ശേഷം മയക്ക് ഇൻജെക്ഷൻ നൽകിയെന്നും പിന്നീട് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.

ഇൻജെക്ഷന്‍റെ മയക്കം മാറിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. പ്രതിയായ ഡോക്റ്റർ സിതാപുർ ജില്ലാ സ്വദേശിയാണ്. ഇയാളെ ചോദ്യം ചെയ്യും. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.