കനത്ത മഴയും മണ്ണിടിച്ചിലും; ഡാർജിലിംഗിൽ മരിച്ചവരുടെ എണ്ണം 23 ആയി, റോഡുകൾ തകർന്നു
Oct 6, 2025, 10:41 IST
പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മിരിക്, സുഖിയ പോഖ്‌റി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്
മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡാർജിലിംഗ് സന്ദർശിച്ചേക്കും. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. താൻ അങ്ങേയറ്റം ദുഃഖിതനാണെന്ന് മോദി എക്‌സിൽ കുറിച്ചു. ബന്ധപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു
മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാൾ, സിക്കിം എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളും ഡാർജിലിംഗ്, സിലിഗുഡി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുമാണ് തകർന്നത്. പലയിടങ്ങളിലും വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.