കർണാടകയിൽ കനത്ത മഴ; മണ്ണടിച്ചിലിൽ താൽക്കാലിക വീട് തകർന്ന് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
ശിവമോഗ (കർണാടക): കർണാടകയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണടിച്ചിലിൽ താൽത്തിക താമസസ്ഥലത്തേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഇന്ദിരാനഗറിലാണ് സംഭവം. കൊപ്പാൾ ജില്ലയിലെ ഗംഗാവതി സ്വദേശികളായ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ സന്തോഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു അപകടം. കുടുംബം ഉറങ്ങിക്കിടക്കുകയായിരുന്ന താൽക്കാലിക ഷെഡ്ഡിന് മുകളിലേക്ക് കുന്നിടിച്ചിലിൽ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മണ്ണടിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.
സമീപത്തെ ഷെഡിൽ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലനാട് മേഖലയിൽ തുടർച്ചയായി പെയ്യുന്ന അതിശക്തമായ മഴയാണ് അപകടത്തിന് കാരണമായത്.