{"vars":{"id": "89527:4990"}}

കൊൽക്കത്തയിൽ കനത്ത മഴ: നഗരം വെള്ളത്തിനടിയിൽ, മെട്രോ സർവീസുകൾ നിർത്തിവെച്ചു, 5 മരണം
 

 

കനത്ത മഴയിൽ കൊൽക്കത്തയിൽ ജനജീവിതം സ്തംഭിച്ചു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അർധരാത്രിയോടെ ആരംഭിച്ച മഴയിൽ റോഡുകൾ വെള്ളത്തിലാകുകയും നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്തു. മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചതായും വാർത്തകളുണ്ട്. 

ദക്ഷിണ ബംഗാൾ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. വെള്ളം കയറിയതോടെ മിക്ക മെട്രോ സർവീസുകളും നിർത്തിവെക്കേണ്ടി വന്നു. നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. 

ഗാരിയ കാംദഹാരിയിൽ മണിക്കൂറുകൾ കൊണ്ട് 332 മില്ലിമീറ്റർ മഴയും ജോധ്പൂർ പാർക്കിൽ 285 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തിയതായി കൊൽക്കത്ത കോർപറേഷൻ അറിയിച്ചു. കാളിഘട്ടിൽ 280 മില്ലി മീറ്ററും ബാലിഗഞ്ചിൽ 264 മില്ലിമീറ്ററും തന്താനിയയിൽ 195 മില്ലി മീറ്ററും മഴ ലഭിച്ചു. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം.