{"vars":{"id": "89527:4990"}}

ഇപിഎസിന് കനത്ത തിരിച്ചടി; 3 എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് വിജയ്‌യുടെ ടിവികെയിലേക്ക്

 

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപിഎസ് (എടപ്പാടി പളനിസാമി) ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് എഐഎഡിഎംകെയിൽ വീണ്ടും വൻ രാഷ്ട്രീയ ഭൂകമ്പം. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ രൂക്ഷമായതിനെ തുടർന്ന് വിമത വിഭാഗത്തിലെ മൂന്ന് എംഎൽഎമാർ തമിഴ്‌നാട് നിയമസഭയിൽ നിന്നും രാജിവെച്ചു. മരഗതം കുമാരവേൽ (മധുരാന്തകം), പി. സത്യഭാമ (ധാരാപുരം), എസ്. ജയകുമാർ (പെരുന്തുറൈ) എന്നിവരാണ് സ്പീക്കർ ജെ.സി.ഡി പ്രഭാകറിന് രാജി സമർപ്പിച്ചത്. സ്പീക്കർ ഇവരുടെ രാജി ഉടനടി സ്വീകരിച്ചു.

​രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ഈ മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) മന്ത്രിയായ ആദവ് അർജുനയുമായി കൂടിക്കാഴ്ച നടത്തി. ഇവർ ഉടൻ തന്നെ ടിവികെയിൽ ഔദ്യോഗികമായി അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമസഭയിലെ വിപ്പ് ലംഘിച്ച് മെയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമത എംഎൽഎമാരിൽ ഉൾപ്പെട്ടവരാണ് ഇവർ. വിപ്പ് ലംഘിച്ചതിന് അയോഗ്യത കൽപ്പിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ മുൻകൂർ രാജിയെന്നാണ് വിലയിരുത്തൽ.

​അതേസമയം, വിമത ക്യാമ്പിലുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ ഇപിഎസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയത് എഐഎഡിഎംകെ നേതൃത്വത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇതോടെ നിയമസഭയിൽ പളനിസാമിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു. എങ്കിലും പരമ്പരാഗത കോട്ടകളിൽ നിന്നുള്ള ജനപ്രതിനിധികളുടെ രാജി ഇപിഎസിന് രാഷ്ട്രീയമായി കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്.