മോദിയെ വിമർശിക്കുന്നതിന്റെ പേരിൽ വേട്ടയാടുന്നു; വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു: രാഹുലിന്റെ അഭിഭാഷകൻ
 

 

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ. അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേരയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകനായ ആർ എസ് ചീമ രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായി

അപ്പീലിൽ തീർപ്പ് കൽപ്പിക്കും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകൻ വാദിച്ചു. സിആർപിസി 389 പ്രകാരമാണിത്. സ്റ്റേ നൽകാതിരിക്കുന്നത് അപൂർവ സാഹചര്യങ്ങളിൽ മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ കടുംപിടിത്തം പാടില്ല. 

കുറ്റക്കാരനാണെന്ന വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണം. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് ഇപ്പോൾ അയോഗ്യനാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. 

കേസ് ആസ്പദമായ സംഭവം നടന്ന സ്ഥലം പരിഗണിക്കണം. സൂറത്തിൽ വെച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടമുണ്ടായ വ്യക്തിയല്ല പരാതിക്കാരൻ. പരാതിക്കാരന്റെ പേരെടുത്ത് സംസാരിച്ചിട്ടില്ല. രാഹുലിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്താണ് കേസ് നൽകിയത്. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന്റെ പേരിൽ കേസ് നൽകി വേട്ടയാടുകയാണെന്നും അഭിഭാഷകൻ വാദിച്ചു.