{"vars":{"id": "89527:4990"}}

ഹുസൈൻസാഗർ തടാകം കൈയേറി ബഹുനില മന്ദിരം; കെ.ടി.ആറിന്റെ ജൻവാഡ ഫാംഹൗസ് ഉടമയ്ക്ക് ബി.ആർ.എസ് ഭരണകാലത്ത് വഴിവിട്ട് അനുമതി നൽകിയതിൽ അന്വേഷണം

 

ഹൈദരാബാദ്: മുൻ തെലങ്കാന മന്ത്രിയും ബി.ആർ.എസ് വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവുവിന്റെ (കെ.ടി.ആർ) ജൻവാഡയിലെ ഫാംഹൗസ് ഉടമയ്ക്ക് ഹുസൈൻസാഗർ തടാകക്കരയിൽ ബഹുനില മന്ദിരം നിർമിക്കാൻ ബി.ആർ.എസ് ഭരണകാലത്ത് വഴിവിട്ട് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി. തടാകത്തിന്റെ പൂർണ്ണ സംഭരണ ശേഷി പരിധിയിലും (FTL) ബഫർ സോണിലും ഉൾപ്പെടുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്താണ് 17 നിലകളുള്ള രണ്ട് ടവറുകൾ നിർമിക്കാൻ 'പ്രദീപ് കൺസ്ട്രക്ഷൻസിന്' അനുമതി നൽകിയിരുന്നത്.

​കെ.ടി.ആർ താമസിച്ചിരുന്ന ജൻവാഡ ഫാംഹൗസിന്റെ യഥാർത്ഥ ഉടമ താനാണെന്ന് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിനെ (NGT) അറിയിച്ച ബദ്‌വേലു പ്രദീപ് റെഡ്ഡിയുടേതാണ് ഈ നിർമാണക്കമ്പനി. ഹുസൈൻസാഗറിലെ നിർമാണ അനുമതിക്ക് പകരമായാണോ കെ.ടി.ആറിന് ഫാംഹൗസ് ലഭിച്ചതെന്ന (Quid Pro Quo) ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്.

​ഹൈദരാബാദ് ദുരന്ത നിവാരണ പരിസ്ഥിതി സംരക്ഷണ ഏജൻസിയും (HYDRAA) മുൻസിപ്പൽ കോർപ്പറേഷനും (GHMC) സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ പുറത്തുവന്നത്. നിർമാണം നടക്കുന്ന 7,640 ചതുരശ്ര മീറ്റർ സ്ഥലത്തിൽ ഒരു ചതുരശ്ര മീറ്റർ പോലും നിയമപരമായി കെട്ടിട നിർമാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ഈ ഭൂമി റവന്യൂ രേഖകളിൽ "തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഒഴിഞ്ഞ ഭൂമി" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കലക്ടറുടെയോ ഇറിഗേഷൻ വകുപ്പിന്റെയോ യാതൊരുവിധ അനുമതിയും (NOC) ഇല്ലാതെയാണ് 2018-ലും 2020-ലും പദ്ധതിക്ക് അനുമതി നൽകിയത്.

​വസ്തുതകൾ മറച്ചുവെച്ചും തെറ്റായ വിവരങ്ങൾ നൽകിയുമാണ് അനുമതി നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻസിപ്പൽ കോർപ്പറേഷൻ നിർമാണക്കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അക്കാലത്ത് മുൻസിപ്പൽ ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി.ആർ ആയിരുന്നു. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ ഈ ഫാംഹൗസ് വിവാദം ഉയർത്തിക്കാട്ടിയ നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ആർ.എസ് ഭരണകാലത്തെ ഈ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.