കരുർ ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല: നിർമ്മല സീതാരാമൻ
കരുർ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ കരുരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയിയുടെ പൊതുയോഗത്തിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി എൽ.മുരുകനൊപ്പം ഇന്ന് (സെപ്റ്റംബർ 29) കരുർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
"ഞാൻ ഇവിടെ വന്നത് സംസ്ഥാന സർക്കാർ എന്തുചെയ്തു, അന്വേഷണ കമ്മീഷൻ എന്തു പറയുന്നു എന്നറിയാനല്ല. ആരാണ് തെറ്റ് ചെയ്തതെന്ന് പറയാൻ എനിക്കാവില്ല. ആരെയും കുറ്റപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല. ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ട് ആശ്വസിപ്പിക്കാനാണ് പ്രധാനമന്ത്രി ഞങ്ങളെ അയച്ചത്," നിർമ്മല സീതാരാമൻ പറഞ്ഞു.
ദുരന്തഭൂമിയും ആശുപത്രികളും സന്ദർശിച്ച ശേഷം സംസാരിച്ച ധനമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടപ്പോൾ താൻ വികാരാധീനയായി എന്നും, ദുരിതമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ് എന്നും പറഞ്ഞു.
"അവരുടെ ദുരിതം കണ്ടപ്പോൾ എനിക്ക് ആശ്വാസ വാക്കുകൾ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. അവർ പറഞ്ഞ കാര്യങ്ങൾ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിക്കും. ഇന്ത്യയിൽ ഒരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂട്ടമായി ആളുകൾ കൂടുന്ന പരിപാടികൾക്ക് നിലവാരമുള്ള സുരക്ഷാ മാർഗ്ഗരേഖകൾ (SOPs) എത്രയും വേഗം നടപ്പിലാക്കണം," അവർ കൂട്ടിച്ചേർത്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.