'ജനങ്ങളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്': ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: വധശിക്ഷയോ അറസ്റ്റോ തടവുശിക്ഷയോ നേരിടേണ്ടി വന്നാലും സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് തിരികെയെത്തുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. "എന്റെ ജനങ്ങളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്നെ കൊന്നേക്കാം, അറസ്റ്റ് ചെയ്തേക്കാം, അല്ലെങ്കിൽ ജയിലിലടച്ചേക്കാം. എങ്കിലും സ്വന്തം ജനങ്ങൾ വിളിക്കുന്നതിനാൽ രാജ്യത്തേക്ക് മടങ്ങാൻ ഞാൻ തയ്യാറാണ്," എന്ന് ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന 78-കാരിയായ ഹസീന അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജിുവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നത്. തുടർന്ന് വന്ന വിചാരണക്കോടതി ഹസീനയ്‌ക്കെതിരെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനാണ് താൻ മടങ്ങിവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.