{"vars":{"id": "89527:4990"}}

അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാര്‍ലമെന്റില്‍ വച്ചു ഞാന്‍ കണ്ടു; പൊലീസ് അതിക്രമത്തിന് ഉത്തരവാദി അമിത്ഷായെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

 

ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തിന് ഉത്തരവാദി ആഭ്യന്തരമന്ത്രി അമിത്ഷായെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാര്‍ലമെന്റില്‍ വച്ചു താന്‍ കണ്ടു. സേനയ്ക്ക് ഇത്തരം നടപടികള്‍ക്ക് ആഭ്യന്തര മന്ത്രിയാണ് ഉത്തരവ് നല്‍കുന്നത്. അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ ഒരിക്കലും ബിജെപി- ആര്‍എസ്എസിനോട് മാപ്പ് പറയില്ലെന്നും പരുക്കേറ്റ കുട്ടികളുടെ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജ്നാഥ് സിങിനെയും കിരണ്‍ റിജിജുവിനേയും നിരവധി തവണ സംസാരിക്കാന്‍ അനുവദിച്ചു. നിരവധി തവണ സ്പീക്കറോട് അഭ്യര്‍ഥിച്ചു. അമിത് ഷായ്ക്ക് എതിരെ പറഞ്ഞത് കൊണ്ടാണ് സംസാരിക്കാന്‍ അനുവദിക്കാതെയിരുന്നത്. മാപ്പ് പറഞ്ഞാല്‍ സംസാരിക്കാന്‍ അനുവദിക്കാം എന്ന് പറഞ്ഞു. പക്ഷേ, ബിജെപിയോടോ ആര്‍എസ്എസിനോടോ ഞാന്‍ ഒരിക്കലും മാപ്പ് പറയില്ല – രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ നടപടിയാണ് രാജ്യത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നും പറഞ്ഞു.

തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച രാഹുല്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ച് വെടിവെച്ചെന്നും ഒരു വിദ്യാര്‍ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചു. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുന്നത് പാര്‍ലമെന്റില്‍ വച്ച് കണ്ടു. ജിതേന്ദ്ര സിങി് നിരവധി ഫോണ്‍ കാളുകള്‍ വന്നു. അമിത് ഷാ യാണ് വിദ്യാര്‍ഥികള്‍ളുടെ നേര്‍ക്ക് അതിക്രമം നടത്തിയത്. പൊലീസ് അതിക്രമം അറിഞ്ഞില്ലങ്കില്‍ അത് കഴിവുകേടാണ്. സേനയ്ക്ക് ഇത്തരം നടപടികള്‍ക്ക് ആഭ്യന്തര മന്ത്രിയാണ് ഉത്തരവ് നല്‍കുന്നത്. ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് അമിത് ഷാ ഉദ്യോഗസ്ഥരെ വിളിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കണം. അത് ഞങ്ങള്‍ ഉറപ്പാക്കും. കുറ്റക്കാര്‍ക്ക് എതിരെ നടപടി ഉറപ്പാക്കും. ഏതൊക്കെ പൊലീസ്‌കാരാണ് അതിക്രമം നടത്തിയെന്ന് നമുക്ക് കൃത്യമായി അറിയാം.

ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷണവേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായുടെ നീക്കങ്ങള്‍ തനിക്ക് അറിയാം. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യം വയ്ക്കുക എന്നാണ്. നിശബ്ദമായി നടപടിയെടുക്കുക എന്നാണ് കേന്ദ്ര നീക്കം – അദ്ദേഹം പറഞ്ഞു.

അമിത് ഷായെ രാജ്യത്തിന്റെ നായകനായും നരേന്ദ്ര മോദിയേ ദൈവമായും പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ആ പ്രചരണത്തിനായി കോടികള്‍ ചെലവഴിക്കുന്നു. മാദി ജെന്‍സി ആകാന്‍ ശ്രമിക്കുന്നു. ഒരു രാത്രി കൊണ്ട് സെല്‍ഫി വീഡിയോ ഇട്ടാല്‍ ജെന്‍ സി വിദ്യാര്‍ഥികളോട് സംവദിക്കാം എന്നാണ് പ്രധാന മന്ത്രി കരുതുന്നത്. പ്രതിഷേധം ഉയര്‍ത്തിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനമുണ്ട്. അവരുടെ മാതാപിതാക്കള്‍ക്ക് ഇല്ലാതെ പോയ ധൈര്യം അവര്‍ക്ക് ഉണ്ട്. ഇന്നോ നാളെയോ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വെടിവെപ്പില്‍ അമിത്ഷാ ഉത്തരവാദിത്വം പറയേണ്ടിവരും. അമിത് ഷാ എന്ന് രാജിവെക്കുമോ അത് വരെ പോരാട്ടം തുടരും – അദ്ദേഹം പറഞ്ഞു.