അസമിൽ വ്യോമസേനാ വിമാനം തകർന്നു വീണു; ജോർഹട്ടിൽ ലാൻഡിംഗിനിടെ AN-32 വിമാനമാണ് അപകടത്തിൽപ്പെട്ടത്
അസം: അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ലാൻഡിംഗിനിടെ ഇന്ത്യൻ വ്യോമസേനയുടെ (IAF) AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണു. ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു അപകടം. ജോർഹട്ടിലെ റൗറിയ (Rowriah) എയർബേസിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.
ലാൻഡിംഗിനിടെയുണ്ടായ ശക്തമായ ആഘാതത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് കനത്ത പുക ഉയർന്നതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർബേസിലെ അടിയന്തര രക്ഷാപ്രവർത്തന സംഘവും അഗ്നിശമനസേനയും ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്മാർ പരിക്കുകളടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മറ്റ് നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന കോർട്ട് ഓഫ് ഇൻക്വയറിക്ക് (Court of Inquiry) ഉത്തരവിട്ടിട്ടുണ്ട്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു.
സൈനികരെയും യുദ്ധസാമഗ്രികളും എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനുള്ള തന്ത്രപ്രധാന ട്രാൻസ്പോർട്ട് വിമാനമാണ് അന്റോണോവ് AN-32 (Antonov AN-32). കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.