മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡികെ ശിവകുമാർ
 

 

കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. സിദ്ധരാമയ്യ ജനകീയനായതിനാൽ മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ഹൈക്കമാൻഡിന്റെ നീക്കത്തെ ശിവകുമാർ ശക്തമായി എതിർത്തു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടാണെന്ന് ഡികെ ചോദിക്കുന്നു. 

സിദ്ധരാമയ്യക്ക് നേരത്തെ അഞ്ച് വർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താത്പര്യങ്ങളേക്കാൾ വ്യക്തി താത്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. 2018ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ സിദ്ധരാമയ്യ പുതിയ ആളുകളുടെ വഴി മുടക്കരുതെന്നും ഡികെ തുറന്നടിച്ചു.